പാസ്സഞ്ചറിന് ശേഷം എന്ത് എന്ന നമ്മുടെ ചോദ്യത്തിന് രഞ്ജിത്ത് ശങ്കര്‍ മറുപടി പറഞ്ഞത് 2009 ഡിസംബര്‍ 26ന് തന്റെ ബ്ലോഗിലൂടെയാണ്. നന്മ നിറഞ്ഞൊരു സാധാരണക്കാരന്റെ കഥ പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ അധികമൊന്നും ചോദ്യം ചെയ്യാതെ അവതരിപ്പിച്ച രഞ്ജിത്തിന്റെ ആദ്യസിനിമയെ സ്നേഹിച്ച എല്ലാ പ്രേക്ഷകരും ആവേശത്തോടെയാണ് അര്‍ജുനനെ വരവേറ്റത്. ജനുവരിയില്‍ വന്ന ഡെമോവെബ്‌സൈറ്റും ആഗസ്റ്റില്‍ പുറത്തിറക്കിയ ഫീലറും കാത്തിരിപ്പിന് അക്ഷമരാക്കി. തന്റെ ബ്ലോഗിലൂടെയും ട്വിറ്ററിലൂടെയും നിരന്തരം തന്റെ ആരാധകരോട് സംവേദിക്കുന്ന രഞ്ജിത്ത് അപ്പോഴും ഒരു കാര്യം രഹസ്യമാക്കി വച്ചു - നായകനായ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് റോയ് മാത്യു എന്നാണെങ്കില്‍ അര്‍ജുനന്‍ ആര്???
ഈ കഥാപാത്രത്തെ കുറിച്ച് പല സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്ന അഭ്യൂഹങ്ങള്‍ പലതാണ്.
- അര്‍ജുനനും റോയും ഒന്നാണ്, ഒരു അന്ന്യന്‍ മോഡല്‍ സിനിമയായിരിക്കുമിത്.
- അര്‍ജുനന്‍ ഒരു സങ്കല്പം മാത്രമാണ്, ഉണ്ടെങ്കില്‍ നന്നായേനെ എന്ന് നമ്മെ കൊതിപ്പിക്കുന്ന ഒരു കഥാപാത്രം
- റോയ്‌യുടെ സിനിമയിലെ ചെല്ലപേരായിരിക്കും അര്‍ജുനന്‍
- പൃഥ്വിരാജ് സിനിമയുടെ ആദ്യഭാഗത്ത് റോയും രണ്ടാം പകുതിയില്‍ അര്‍ജുനനുമാണ്
- സിനിമയുടെ അവസാനം മാത്രം കടന്ന് വരുന്ന ഒരു കഥാപാത്രമാണ് അര്‍ജുനന്‍
ഇവയ്ക്ക് പുറമേ കേട്ട, കൂടുതല്‍ ബാലിശങ്ങളായ, അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കുന്നില്ല.
പുതിയ സിനിമയിലെ അർജുനൻ (അഥവാ അര്‍ജ്ജുനന്‍ ) എന്ന കഥാപാത്രത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് തോന്നിയത് സ്കൂള്‍തലത്തിലെ ഒരു കഥാമത്സരത്തില്‍ എഴുതിയ ഒരു കഥയാണ്.
യുദ്ധഭൂമിയില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്ന ഒരു സൈനികന് കാട്ടില്‍ വഴി തെറ്റുന്നു. അന്തമില്ലാത്ത കാട്ടില്‍ പെട്ട് മനസ്സും ശരീരവും തളര്‍ന്നു മയങ്ങിയ അയാള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് വാടിയ ഒരു ചേമ്പിലയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന കുറച്ചകലെയായുള്ള തടാകത്തിലേക്കുള്ള വഴിയാണ്. ആരാണത് രേഖപ്പെടുത്തി വെച്ചിരിക്കുന്നതെന്ന് അയാള്‍ അത്ഭുതപ്പെടുന്നു. തടാകത്തില്‍ നിന്ന് വെള്ളവും തടാകക്കരയിലെ വൃക്ഷങ്ങളില്‍ നിന്ന് പഴങ്ങളും ഭക്ഷിച്ച് വീണ്ടുമയാള്‍ മയങ്ങുന്നു. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഇലയില്‍ രേഖപ്പെടുത്തിയ മറ്റൊരു അടയാളം കാണുന്നു. ഇക്കുറി അതു കാടിന്റെ പുറത്തേക്കുള്ള വഴിയാണ്. നാളുകള്‍ നീണ്ട ആ യാത്രയിലുടനീളം ഇത്തരം അടയാളങ്ങള്‍ അയാള്‍ക്ക് കിട്ടി കൊണ്ടേയിരിക്കുന്നു. അത് ദൈവത്തിന്റെ അടയാളമല്ലെന്ന് അയാള്‍ക്കുറപ്പാണ്. പിന്നെ മനുഷ്യനോ അതോ മൃഗമോ... ഇത്തരമൊരു പ്രവര്‍ത്തി ഒരു മൃഗത്തിന്റേതാകാന്‍ വഴിയില്ല... മനുഷ്യനെങ്കില്‍ അതാര്? വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കൊച്ചുമകള്‍ക്ക് ഈ സംഭവം പറഞ്ഞ് കൊടുക്കുമ്പോഴും ഈ ചോദ്യത്തിന് അയാള്‍ക്കുത്തരം കിട്ടിയിട്ടുണ്ടായിരുന്നില്ല.... കാണാത്ത ഒന്നില്‍ നിന്നും വന്നു കൊണ്ടേയിരുന്ന സന്ദേശം, അടയാളങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ - അതിനാല്‍ നയിക്കപ്പെടുന്ന മനുഷ്യന്‍!
അര്‍ജ്ജുനനെ കുറിച്ച് വായിച്ചപ്പോള്‍ മനസ്സിലേക്കോടി വന്നത് പണ്ടെഴുതിയ ഈ കഥയാണ്... പാസ്സഞ്ചറിലെ സത്യനാഥന്‍ നാട്ടുകാര്‍ക്ക് അദൃശ്യനും നന്ദനും അനുരാധക്കും നായര്‍ക്കും മറ്റും അപരിചിതനുമായിരുന്നെങ്കില്‍, അര്‍ജ്ജുനന്‍ എല്ലാവര്‍ക്കും അദൃശ്യനും അപരിചിതനുമാണോ?....
സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പേ സംസാരവിഷയമായ് മാറിയ ഈ സസ്പെന്‍സ് തന്നെയായിരിക്കും സിനിമയുടെ USP എന്ന് നമുക്ക് കരുതാം. ഒക്ടോബര്‍ 20ന് കൊച്ചിയില്‍ ആരംഭിക്കുന്ന അര്‍ജ്ജുനന്‍ സാക്ഷിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇനിയുള്ള പോസ്റ്റുകളില്‍...
2 comments:
പാസ്സഞ്ചറിന് ശേഷം എന്ത് എന്ന നമ്മുടെ ചോദ്യത്തിന് രഞ്ജിത്ത് ശങ്കര്‍ മറുപടി പറഞ്ഞത് 2009 ഡിസംബര്‍ 26ന് തന്റെ ബ്ലോഗിലൂടെയാണ്. തന്റെ ബ്ലോഗിലൂടെയും ട്വിറ്ററിലൂടെയും നിരന്തരം തന്റെ ആരാധകരോട് സംവേദിക്കുന്ന രഞ്ജിത്ത് അപ്പോഴും ഒരു കാര്യം രഹസ്യമാക്കി വച്ചു - നായകനായ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് റോയ് മാത്യു എന്നാണെങ്കില്‍ അര്‍ജുനന്‍ ആര്???
അര്‍ജുനന്‍ സാക്ഷിയുടെ വിശേഷങ്ങളുമായ്…
സസ്നേഹം
സലില്‍ | ദൃശ്യന്‍
Hi Drishyan,
The way you present things is really interesting..N also waiting curiously for the second BlockBuster of Ranjith Shankar..!!
Post a Comment